---
title: "കൈയിൽ പട്ടുടയാടയല്ല മുളകുപൊടി; ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ"
english_title: "Pathanamthitta Temple Priest Arrested For Attempted Chain Snatching"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379675/ pathanamthitta-ullannoor-temple-priest-arrested-chain-snatching-attempt"
published_at: "2026-08-22T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89dc6edade7_pathanamthitta-ullannoor-temple-priest-arrested-chain-snatching-attempt.jpg"
keywords: ["Chain Snatching Attempt", "Priest Arrested", "Pathanamthitta Crime"]
---

# കൈയിൽ പട്ടുടയാടയല്ല മുളകുപൊടി; ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: ഉള്ളന്നൂരിൽ ക്ഷേത്രത്തിന് അകത്തുവെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലന്തൂർ പൂക്കോട് സ്വദേശി ബിജുമോൻ ആണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു.

## Article Content

പത്തനംതിട്ട: ഉള്ളന്നൂരിൽ ക്ഷേത്രത്തിന് അകത്തുവെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലന്തൂർ പൂക്കോട് സ്വദേശി ബിജുമോൻ ആണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു.

കഴകം ജോലി ചെയ്യുന്ന 63കാരി വിജയമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയാണ് ഇയാൾ മാല പൊട്ടിക്കാൻ ശ്രമിച്ചത് എന്നാണ് പരാതി. പ്രതിയെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയാണ് ബിജുമോൻ. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം നടന്നത്. വിജയമ്മ ക്ഷേത്രത്തിന് ഉൾവശം വൃത്തിയാക്കുന്ന സമയത്ത് ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറേ ദൂരെയായി പാർക്ക് ചെയ്തു.

തുടർന്ന് സമീപത്തുള്ള റബർ തോട്ടത്തിലൂടെ ക്ഷേത്രത്തിലെത്തി പട്ടുടയാടയിൽ മുളകുപൊടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തിപ്പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇവരുടെ സ്വർണമാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു.

കുതറിമാറി ഉച്ചത്തിൽ നിലവിളിച്ച വിജയമ്മയെ വിട്ട് പൂജാരി പുറത്തേക്ക് ഓടിപ്പോയി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞുവെച്ചത്. തുടർന്ന് ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി പൂജാരിയെ കസ്റ്റഡിയിലെടുത്തു.

ക്ഷേത്ര പൂജാരിയായി ജോലി ചെയ്തിരുന്ന ബിജുമോൻ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണ് എന്ന് ഇലവുംതിട്ട എസ്എച്ച്ഒ രാജേഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

**English Summary:**

Temple priest arrested for attempting to snatch chain of woman inside temple at Ullannoor in Pathanamthitta. Accused is Bijumon (52) from Pookode, Elanthur, priest of Pulikkoottinal temple. He allegedly tried to snatch gold chain of 63-year-old Vijayamma who does kazhakam work, by sprinkling chilli powder on her eyes using cloth on Friday morning at 6 am. He came on bike, parked far, came through rubber plantation. Victim screamed, locals caught him fleeing, Elavumthitta police took custody. SHO Rajesh Kumar said he is also accused in murder case at Pathanamthitta station and another criminal case at Koyipuram. Remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379675/ pathanamthitta-ullannoor-temple-priest-arrested-chain-snatching-attempt)